പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടില്‍ 97.62 ശതമാനം തിരിച്ചെത്തി; ബാക്കിയായത് 8,470 കോടിയുടെ നോട്ടുകള്‍

രണ്ടായിരം രൂപ നോട്ടിന്റെ കാലം രാജ്യത്ത് അവസാനിക്കുന്നു. പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടുകളില്‍ 97.62 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിക്കുന്നു. ഇനി റിസര്‍വ് ബാങ്കില്‍ തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം വരെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്.

2023 മെയ് 19ന് ആയിരുന്നു 2,000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. ക്ലീന്‍ നോട്ട് പോളിസി പ്രകാരമായിരുന്നു റിസര്‍വ് ബാങ്കിന്റെ തീരുമാനം. എന്നാല്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളുടെ നിയമ പ്രബല്യം തുടരും. 2016ലെ നോട്ടു നിരോധനത്തിന് പിന്നാലെയാണ് 2000രൂപ നോട്ട് വിനിമയത്തില്‍ വരുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷമായിരുന്നു 2000ന്റെ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. രണ്ടായിരം രൂപ നോട്ടിന്റെ വ്യജ പതിപ്പ് വ്യാപകമായി പിടികൂടിയതും ചില്ലറയാക്കാന്‍ ഏറെ പ്രയാസം നേരിട്ടതും കേന്ദ്ര സര്‍ക്കാരിന് നോട്ടിനോടുള്ള താത്പര്യം കുറയാന്‍ കാരണമായി. ഇതിന് പിന്നാലെയാണ് നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി ആരംഭിച്ചത്.