നാല്‍പത് എം.എല്‍.എ മാര്‍ക്ക് കൂറുമാറ്റം വാഗ്ദാനം ചെയ്യുന്ന നരേന്ദ്രമോദിയെ 72 വര്‍ഷം വിലക്കണമെന്ന് അഖിലേഷ് യാദവ്

നാല്‍പത് തൃണമൂല്‍ എം എല്‍ എ മാര്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ചേരുമെന്ന് പ്രസ്താവന നടത്തിയ നരേന്ദ്രമോദിയെ 72 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. നാണംകെട്ട പ്രസ്താവനയാണിതെന്നും അഖിലേഷ് ട്വിറ്ററില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പ്രചാരണ ചട്ടങ്ങള്‍ ലംഘിച്ചതിന് യോഗി അദിത്യനാഥിനെയും പഞ്ചാബ് മുഖ്യമന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനെയും പ്രചാരണത്തില്‍ നിന്ന് 72 മണിക്കൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.

ഇതിനെ താരതമ്യം ചെയ്തു കൊണ്ടാണ് മോദിക്ക് 72 വര്‍ഷം നിരോധനം വേണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടത്.

“വികസനം ചോദിക്കുന്നു….നിങ്ങള്‍ പ്രധാന്‍ജിയുടെ നാണം കെട്ട പ്രസംഗം കേട്ടിരുന്നോ ? 125 കോടി ജനതയുടെ വിശ്വാസം നഷ്ടപ്പെടുത്തിയതിന് ശേഷം നാല്‍പത് എം എല്‍എ മാര്‍ക്ക് കൂറുമാറ്റം വാഗ്ദാനം ചെയ്യുന്ന അധാര്‍മ്മിക ഉറപ്പിലാണ് അവസാനമായി അദ്ദേഹം ആശ്രയം കണ്ടത്തിയിരിക്കുന്നത്.”-അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. “ഇത് അദ്ദേഹത്തിന്റെ കള്ളപ്പണ മാനസികാവസ്ഥയാണ് വെളിവാക്കുന്നത്. 72 മണിക്കൂറല്ല 72വര്‍ഷമാണ് ഇദ്ദേഹത്തെ നിരോധിക്കേണ്ടത്.”

ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാളിലെ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന നരേന്ദ്രമോദി റാലിക്കിടെ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം പ്രോത്സാഹിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും തൃണമൂല്‍ നേതാവ് ആവശ്യപ്പെട്ടു.

മോദി ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. “ഇന്നലെ മോദി ഒരു റാലിയില്‍ പറഞ്ഞത് തൃണമൂലിലെ 40 എംഎല്‍മാര്‍ ബിജെപിയിലേക്ക് ചേരുമെന്നാണ്. അദ്ദേഹം ഒരു നാണംകെട്ട പ്രധാനമന്ത്രിയാണ്. കാരണം ഒരു പ്രധാനമന്ത്രി കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി ഞങ്ങളുടെ പാര്‍ട്ടിയെ പോലെയല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പണത്തിന് വേണ്ടി കള്ളത്തരങ്ങള്‍ മാത്രം കാണിക്കുന്നു. ഞങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരാണ് വലുത്”- മമത ബാനര്‍ജി പറഞ്ഞു.