'ഗോലി മാരോ, ഗോലി മാരോ'; ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ കൊലവിളി മുഴക്കിയ ആറ് പേര്‍ അറസ്റ്റില്‍

ഡല്‍ഹി മെട്രോയുടെ രാജീവ് ചൗക്ക് സ്റ്റേഷനില്‍ കൊലവിളി മുഴക്കിയ സംഘത്തിലെ ആറ് പേരെ ഡല്‍ഹി മെട്രോ പൊലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സുരക്ഷസേനയും ചേര്‍ന്നാണ് കൊലവിളി മുഴക്കിയവരെ ഉടന്‍ തന്നെ പിടികൂടി പൊലീസിന് കൈമാറുകയത്.

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലൂവെന്ന് (ദേശ് കേ ഗദ്ദാരോം കോ ഗോലി മാരോ സാലോം കോ) കൊലവിളി മുഴക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയതിന്റെ പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഒരു പരസ്യ ഏജന്‍സിയിലെ കോപ്പി റൈറ്ററായ വൈഭവ് സക്സേനയാണ് കൊലവിളിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ പട്ടിക, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരുടെ നേരെ വ്യാപകമായി കൊലവിളി ഉപയോഗിച്ചിരുന്നു.

രാജീവ് ചൗക്ക് സ്റ്റേഷനിലെ കഫേ കോഫീ ഡേ ഔട്ട്ലെറ്റിനു അടുത്ത് ശനിയാഴ്ച രാവിലെ 10.35 ഓടെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഘത്തില്‍ ഏകദേശം പത്തുപേരോളം ഉണ്ടായിരുന്നുവെന്നും നോയ്ഡയിലേക്ക് പുറപ്പെടുന്ന ട്രെയിന്റെ പ്ലാറ്റ്ഫോമില്‍നിന്നാണ് ഇവര്‍ കൊലവിളി മുഴക്കിയതെന്നും വൈഭവ് പറഞ്ഞു. താന്‍ വീഡിയോ റെക്കോഡ് ചെയ്ത് പത്തുമിനിട്ടിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയെന്നും അന്വേഷണം ആരംഭിച്ചെന്നും വൈഭവ് കൂട്ടിച്ചേര്‍ത്തു.