'യു.പി തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമണം നടത്താൻ പദ്ധതി'; ആറ് ഭീകരരെ പിടികൂടിയതായി ഡൽഹി പൊലീസ്

 

പാകിസ്ഥാനിൽ പരിശീലനം ലഭിച്ച രണ്ട് പേരുൾപ്പെടെ ആറ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. പിടിയിലായ ഭീകരർ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ് പറഞ്ഞു.

ഭീകരരിൽ നിന്നും സ്ഫോടകവസ്തുക്കളും തോക്കുകളും ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടിച്ചെടുത്തതായി ഡിസിപി സ്പെഷ്യൽ സെൽ പ്രമോദ് കുശ്വാഹ പറഞ്ഞു.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പ്രയാഗ്രാജ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളെ തുടർന്നായിരുന്നു അറസ്റ്റ്. ഭീകരരെന്ന് പൊലീസ് പറയുന്ന ആറ് പേരിൽ ഒസാമ, ജീഷാൻ എന്നിവരാണ് പാകിസ്ഥാനിൽ പരിശീലനം നേടിയ രണ്ട് പേർ. ഭീകരർക്ക് അധോലോകവുമായി ബന്ധമുണ്ടെന്നും പൊലീസ് അവകാശപ്പെട്ടു.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ തോതിൽ ഉള്ള ആക്രമണം നടപ്പാക്കാൻ തീവ്രവാദികൾ ആസൂത്രണം ചെയ്തിരുന്നതായാണ് പൊലീസ് ഭാഷ്യം.