'യുദ്ധകാലത്ത് രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചു'; ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ്

മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇന്ദിരാ ​ഗാന്ധി ഇന്ത്യയെ നയിക്കുക മാത്രമല്ല, യുദ്ധകാലത്ത് രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചെന്നും അദ്ദേഹം പറഞ്ഞു. സായുധ സേനകളിൽ വനിതകളുടെ പ്രാതിനിധ്യം’ എന്ന വിഷയത്തിൽ ഷാങ്‌ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഇൻ്റർനാഷണൽ സംഘടിപ്പിച്ച വെബിനാറിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം പുകഴ്ത്തി സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യ സുരക്ഷയുടേയും രാഷ്ട്ര നിർമ്മാണത്തിന്റേയും വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണെന്ന് അദ്ദേഹം കൂട്ടി കൂട്ടിച്ചേർത്തു. അതേസമയം ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം നൽകുമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാണ് ഇത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയാണിത്.