'ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത്; രക്തച്ചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല', ഉക്രൈന്‍ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി

ഉക്രൈനിലെ സാധാരണക്കാരുടെ കൊലപാതകങ്ങളെ പാര്‍ലമെന്റില്‍ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ ഒരു വശം തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അത് സമാധാനത്തിന്റെ വശമാണ്. അക്രമത്തിന് ഉടനടി അറുതി വരുത്തണം. സാധാരണക്കാരുടെ മരണം അങ്ങേയറ്റം ഗൗരവമുള്ള കാര്യമാണെന്നും, സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

ഉക്രൈന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ബുച്ചയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയ പ്രദേശങ്ങളില്‍ സാധാരണക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രക്തച്ചൊരിച്ചിലിലൂടെയും, നിരപരാധികളുടെ ജീവന്‍ പണയപ്പെടുത്തുന്നതിലൂടെയും ഒരു പരിഹാരത്തിലും എത്തിച്ചേരാനാകില്ല. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.

ഉക്രൈന്‍ സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ നിറം ചാര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജയശങ്കര്‍ പറഞ്ഞു.

ഇത്രയും വലിയ തോതില്‍ ആരും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചിട്ടില്ലെന്ന് ജയശങ്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. ഓപ്പറേഷന്‍ ഗംഗ ഇന്ത്യ നടത്തിയ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കലായിരുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് അത് പ്രചോദനമാണ്. നാല് കേന്ദ്രമന്ത്രിമാര്‍ അയല്‍ രാജ്യങ്ങളിലേക്ക് ചെന്നതും രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ സഹായകമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും യോഗങ്ങള്‍ നടത്തുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്തുവെന്നും ജയശങ്കര്‍ പറഞ്ഞു.