തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തത്തില്‍ 34 മരണം; മദ്യത്തില്‍ മെഥനോളിന്റെ സാന്നിധ്യം, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തമിഴ്‌നാട്ടിലെ വിഷമദ്യദുരന്തത്തില്‍ സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മരണം 34 ആയി. 80ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയരുകയാണ്. സംഭവത്തില്‍ മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ മദ്യവില്‍പ്പന നടത്തിയ രണ്ട് പേരെ കസ്റ്റഡിയിലിലെടുത്തിരുന്നു. ഇവരുടെ കയ്യിൽ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ച 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം ഫോറന്‍സിക് പരിശോധയില്‍ മദ്യത്തില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തി സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ സർക്കാർ സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് തമിഴ്നാട് കള്ളാക്കുറിച്ചിയിൽ ജോലി കഴിഞ്ഞ് വന്ന ഒരുകൂട്ടം ആളുകൾ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഒരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം മരണസംഖ്യ ഉയരുകയാണ്.