ശരീരഭാരം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ചു; 19കാരിക്ക് ദാരുണാന്ത്യം

ശരീര ഭാരം കുറയ്ക്കുന്നതിനായി യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മധുര മീനമ്പല്‍പുരം സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ കലയരസിയാണ് മരിച്ചത്.

ശരീരഭാരം കുറയ്ക്കുന്നതിനായി വെങ്ങാരം (ബോറാക്‌സ്) ആയിരുന്നു കലയരസി വാങ്ങി കഴിച്ചത്. നാട്ടിലെ മരുന്ന് കടയില്‍ നിന്നായിരുന്നു ഇത് വാങ്ങിയത്. ജനുവരി പതിനാറിന് ഇത് കഴിച്ചു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

തുടർന്ന് കുട്ടിയുടെ ആരോഗ്യനില മോശമായി. സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കലയരസിയുടെ പിതാവ് വേല്‍മുരുഗന്‍ സെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.