മുസ്ലിം നിയമ പ്രകാരം വിവാഹം ചെയ്യാനുള്ള തന്റെ അവകാശത്തിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ച് 16 വയസുകാരി

ലഖ്‌നൗവിൽ നിന്ന് 200 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ തെറായി മേഖലയിലെ ഒരു വിദൂര ഗ്രാമത്തിൽ 16 വയസുള്ള പെൺകുട്ടി 20 വയസുകാരനുമായുള്ള തന്റെ വിവാഹം നിയമ വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സർക്കാരിന്റെയും എതിർപ്പിനെതിരെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.

മൂന്നുമാസം മുമ്പാണ് പെൺകുട്ടിയും യുവാവും വരന്റെ വീടിന്റെ വരാന്തയിൽ വച്ച് വിവാഹിതരായത്. വിവാഹം ചെയ്യാനുള്ള തീരുമാനത്തിൽ പെൺകുട്ടി ഉറച്ചു നിൽക്കുന്നതായും, അവളുടെ പ്രസ്താവന മാറ്റില്ലെന്ന് വിശ്വസിക്കുന്നുവെന്നും, ഇസ്‌ലാം വിശ്വാസ് പ്രകാരവും മുതിർന്നവരുടെ സാന്നിധ്യത്തിലുമാണ് തങ്ങൾ വിവാഹിതരായതെന്നും ചെറുപ്പക്കാരൻ പറയുന്നു.

ശരീര വളർച്ചയെത്തിയാൽ വിവാഹം അനുവദിക്കുന്ന ശരീഅത്ത് നിയമപ്രകാരം ഇവരുടെ കല്യാണം സാധുതയുള്ളതാണെന്ന് ഉയർന്ന ജാതിക്കാരായ മുസ്‌ലിംകൾ, കൂടുതലും ഷെയ്ക്കുകളും പത്താനുകളും ആധിപത്യം പുലർത്തുന്ന ഗ്രാമം സമ്മതിക്കുന്നു, പക്ഷേ അവരുടെ ഓർമ്മയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെന്ന് കൂട്ടിച്ചേർക്കുന്നു.

ജൂൺ 22 ന് രാത്രി 11 മണിയോടെ ദമ്പതികൾ അയൽ ഗ്രാമത്തിൽ നിന്നുള്ള ഒരു മൗലവിയെ നിക്കാഹ് നടത്തി കൊടുക്കുവാൻ വിളിപ്പിച്ചതായി പറയപ്പെടുന്നു. ഗ്രാമത്തിൽ ക്ലാസുകൾ എടുത്തിട്ടുള്ളതിനാൽ മൗൽവിക്ക് ഇവരെ നേരത്തെ അറിയുന്നതാണ്.

അടുത്ത ദിവസം, പെൺകുട്ടിയുടെ പിതാവ് 20 വയസുകാരനും അയാളുടെ പിതാവിനും അയൽക്കാർക്കും എതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ പ്രകാരം തട്ടിക്കൊണ്ടുപോകലിനും വിവാഹം കഴിക്കാൻ നിർബന്ധിത പ്രേരണക്കും എഫ്‌ഐആർ ഫയൽ ചെയ്തു.

“ഞങ്ങൾ പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കുടുംബത്തിലേക്ക് മടങ്ങാൻ അവൾ വിസമ്മതിച്ചു, പ്രായപൂർത്തിയാകാത്തതിനാൽ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം ജൂലൈ 3 ന് അവളെ നാരി നികേതനിലേക്ക് അയച്ചു. ” കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ശൈലേന്ദ്ര യാദവ് പറഞ്ഞു.

പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് ആരോപിച്ച് യുവാവ് ഹൈക്കോടതിയിൽ പോയി. പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് ചൂണ്ടിക്കാട്ടി കോടതി വാദം നിരസിച്ചതിനെത്തുടർന്ന് ഇവർ സുപ്രീം കോടതിയെ സമീപിച്ചു. പൊതു നിയമമനുസരിച്ച്, ഒരു പെൺകുട്ടിക്ക് കുറഞ്ഞത് 18 ഉം വരൻ 21 ഉം വയസുണ്ടെങ്കിലേ വിവാഹത്തിന് യോഗ്യത നേടൂ.

“ഒരു പെൺകുട്ടിയും ആൺകുട്ടിയും പ്രായപൂർത്തിയാകാത്തവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്.” മുതിർന്ന അഭിഭാഷകനും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് സെക്രട്ടറിയുമായ സഫര്യാബ് ജിലാനി പറയുന്നു. എന്നാൽ അവർ മുതിർന്നവരാണെങ്കിൽ, അവരുടെ വിവാഹം തുടരാനോ അവസാനിപ്പിക്കാനോ അവർക്ക് തീരുമാനിക്കാം. എന്നിരുന്നാലും, ‘മുതിർന്ന’ അല്ലെങ്കിൽ ‘ബാലിക’ എന്നതിന്റെ നിർവചനം ഇവിടെ (മുസ്‌ലിം നിയമത്തിൽ) വ്യത്യസ്തമാണ് അത് ശാരീരിക വളർച്ച(ആർത്തവം)യുമായി ബന്ധപ്പെട്ടിരിക്കുന്നു അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒരു വിവാഹം നടക്കുമ്പോഴാണ് ഇത്തരം കേസുകൾ ഉണ്ടാകുന്നത്, ഇത്തരം കേസുകൾ കോടതിയിൽ എത്തിയിട്ടുള്ളപ്പോൾ എല്ലാം അത് പെൺകുട്ടിയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും ജിലാനി പറയുന്നു.