'ക്ഷമയിലൂടെ മാത്രമേ മുന്നോട്ട് പോകാനാകൂ' പള്ളിയില്‍ ബോംബാക്രമണം നടത്തിയ പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് മിനിസോട്ടയിലെ മുസ്ലിം സമൂഹം

യുഎസ് മിനസോട്ടയിലെ മുസ്ലിം പള്ളിക്ക് നേരെ ബോംബാക്രമണം നടത്തിയ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മിനിസോട്ടയിലെ മുസ്ലിം സമൂഹം. പ്രതികള്‍ ചെയ്ത കുറ്റത്തില് പശ്ചാത്താപം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികളായ രണ്ടു പേരുടെയും ജയില്‍ ശിക്ഷാ കാലാവധി കുറയ്ക്കണമെന്ന് ഇസ്ലാമിക പുരോഹിതര്‍ യുഎസ് കോടതിയോട് ആവശ്യപ്പെട്ടത്. അപ്പീല്‍ പരിഗണിച്ച് പ്രതികളുടെ ശിക്ഷയില്‍ ഇളവ് അനുവദിച്ചു.

ബ്ലൂമിംഗ്ടണിലെ ദാര്‍ അല്‍-ഫാറൂഖ് ഇസ്ലാമിക് സെന്ററിലെ നേതാക്കളാണ് ജഡ്ജി ഡോണോവന്‍ ഡബ്ല്യു ഫ്രാങ്കിന് കത്തെഴുതിയത്. ദാര്‍ അല്‍-ഫാറൂഖ് പള്ളയില്‍ 2017 ല്‍ നടന്ന ബോംബാക്രമണ കേസ് പരിഗണിക്കുകയായിരുന്നു കോടതി. പ്രതികളായ മൈക്കല്‍ മക്വോര്‍ട്ടറിനും ജോ മോറിക്കും വേണ്ടിയായിരുന്നു അപ്പീല്‍.

മക്വോര്‍ട്ട്, മോറി, മൈക്കല്‍ ഹാരി എന്നിവരാണ് ആക്രമണം നടത്തിയത്. ഇതില്‍ മക്വോര്‍ട്ട്, മോറി എന്നിവരുടെ വിചാരണയാണ് ചൊവ്വാഴ്ച നടന്നത്. കേസ് പരിഗണിച്ച കോടതി മക്വോര്‍ട്ടറിനും മോറിക്കും യഥാക്രമം 16, 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സെപ്റ്റംബറില്‍ ഹാരിയെ 53 വര്‍ഷം തടവിന് വിധിച്ചിരുന്നു. ഇല്ലിനോയിസിലെ ക്ലാരന്‍സില്‍ സ്ഥാപിതമായ ദി വൈറ്റ് റാബിറ്റ്‌സ് എന്ന വെള്ളക്കാരായ തീവ്രവാദി മിലിഷ്യയുടെ ഭാഗമായിരുന്നു മൂവരും.

‘ചെയ്ത ദ്രോഹം യഥാര്‍ത്ഥമാണ്, ചെയ്ത കുറ്റം യഥാര്‍ത്ഥമാണ്, അന്ന് സംഭവിച്ചതിന്റെ ഭീകരത യഥാര്‍ത്ഥമാണ്, എന്നാല്‍ യഥാര്‍ത്ഥ ക്ഷമ വാഗ്ദാനം നല്‍കാനും മാതൃക കാണിക്കാനുമുള്ള അവസരമാണ് അത്. ക്ഷമയിലൂടെ മാത്രമേ മുറിവുണക്കാനും, മുന്നോട്ട് പോകാനും കഴിയുകയുള്ളു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്’, നൂറിലധികം വിശ്വാസി നേതാക്കളും പ്രതിനിധികളും ഒപ്പിട്ട കത്തില്‍ പറയുന്നു.

2017 ഓഗസ്റ്റ് അഞ്ചിന് വെളുപ്പിന് അഞ്ച് മണിക്കാണ് പള്ളിയിലേക്ക് ആക്രമണം നടന്നത്. പള്ളിയ്ക്കകത്ത് വിശ്വസികള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും അപകടം പറ്റിയിരുന്നില്ല.