‘പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ്, അല്‍ഹംദുലില്ലാഹ്’: ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് എം.എ യൂസുഫ് അലി

ഹെലികോപ്റ്റര്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് വ്യവസായി എം.എ യൂസുഫ് അലി. ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് യൂസുഫ് അലിയുടെ പ്രതികരണം എന്ന് റിപ്പോർട്ടർ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. ‘പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ്, അല്‍ഹംദുലില്ലാഹ്’ – എന്നാണ് എറണാകുളത്തെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ സന്ദർശിക്കാൻ എത്തിയവരോട് യൂസുഫ് അലി പറഞ്ഞത്.

വളരെ ആത്മവിശ്വാസത്തോടെയും പ്രസന്നതയോടെയുമാണ് എം.എ യൂസുഫ് അലി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും പരിക്ക് ഒട്ടും സാരമുള്ളതല്ലെന്നുമാണ് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് പറഞ്ഞത്.

കഴിഞ്ഞ ദിവസം എം.എ യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു. പനങ്ങാട് ഫിഷറീസ് സര്‍വകലാശാല കാമ്പസിന് സമീപമായിരുന്നു വിമാനം ഇടിച്ചിറക്കിയത്. ഇവിടെ നിന്നും 200 മീറ്റര്‍ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം. ഹെലികോപ്റ്ററിന്റെ റണ്ണിംഗ് എന്‍ജിന്‍ നിന്നതോടെ അഡിഷണല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കി. എന്നാല്‍ വിജയിക്കാതെ വന്നതോടെ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് പൈലറ്റായ ശിവകുമാര്‍ അറിയിച്ചത്.

ചതുപ്പുനിലത്തിലേക്ക് ഇറങ്ങിയ ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്ന് ഉയര്‍ത്തി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദ്ഗധരുടെ മേല്‍നോട്ടത്തിലാണ് ഹെലികോപ്റ്റര്‍ നീക്കിയത്. എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹെലിക്കോപ്റ്റര്‍.