യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ കയറി തല്ലും; ഇടുക്കിയില്‍ ഡി.വൈ.എഫ്‌.ഐ നേതാവിന്റെ ഭീഷണി പ്രസംഗം

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഴുവന്‍ വീട്ടില്‍ കയറി തല്ലുമെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി. ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ ട്രഷറര്‍ ബി അനൂബാണ് ഏലപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസിന് എതിരെ ഭീഷണി മുഴക്കിയത്. ഏലപ്പാറയിലെ സിപിഎം-ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെയാണ് അനൂബിന്റെ പ്രസംഗം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

തിരുവനന്തപുരത്ത് ചെന്ന് സഖാവ് പിണറായി വിജയനെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൈകാര്യം ചെയ്യാന്‍ നമുക്ക് സമയമില്ല. അതുകൊണ്ട്, മുക്കിന് മുക്കിന് ഏലപ്പാറയിലെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വീട്ടില്‍ കയറി തല്ലുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇവിടെ മാത്രമല്ല, കേരളത്തിന്റെ അകത്ത് എല്ലാ യൂത്ത് കോണ്‍ഗ്രസുകാരന്റേയും വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്നതില്‍ തര്‍ക്കമില്ലെന്നും അനൂബ് പറഞ്ഞു.

സഖാവ് പിണറായി വിജയനെതിരെ ഇനി യാതൊരു വിധത്തിലുമുള്ള ഇടപാടുമായിട്ട് യൂത്ത് കോണ്‍ഗ്രസോ, കോണ്‍ഗ്രസോ മാത്രമല്ല, കേരളത്തിലെ ഏലപ്പാറയിലെ നല്ല തന്തയ്ക്ക് പിറന്ന സിപിഐഎമ്മുകാര്‍ ഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നന്നാവും. വെല്ലുവിളിക്കുന്നു തന്തയ്ക്ക് പിറന്ന ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ ഇപ്പോള്‍ വാ…നമുക്ക് അടിച്ചുനോക്കാം. വിരട്ടലും വിലപേശലുമൊന്നും സിപിഐഎമ്മുകാരോട് വേണ്ടെന്നുമായിരുന്നു അനൂബിന്റെ പ്രസംഗം.

അതേസമയം യുഡിഎഫ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന സമരം മര്യാദകേടാണെന്ന് മുന്‍ മന്ത്രി എംഎം മണി പറഞ്ഞു. മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും ആക്രമിക്കുവാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. പ്രതിരോധിക്കാന്‍ കെല്‍പ്പും ആര്‍ജ്ജവവുമുള്ള പാര്‍ട്ടിയാണ് സിപിഎം. കള്ളക്കടത്തുകാരിയായ സ്വപ്നയുടെ കള്ളപ്രചാര വേല മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.