ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചു; ഉത്തരവ് ചിന്തയുടെ തന്നെ ആവശ്യ പ്രകാരം, ലഭിക്കുക 8.5 ലക്ഷം രൂപ

യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 17 മാസത്തെ കുടിശ്ശികയായി 8.5 ലക്ഷം രൂപയാണ് നല്‍കുന്നത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെയാണെന്നാണ് ഉത്തരവില്‍ പറയുന്നത്. കുടിശ്ശിക ആവശ്യപ്പെട്ടില്ല എന്നായിരുന്നു ചിന്തയുടെ വാദം.

കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. 6.1.17 മുതല്‍ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഈ കാലയളവില്‍ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുന്‍കാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി ശമ്പളം ഉയര്‍ത്തിയതിലൂടെ 8. 50 ലക്ഷം രൂപ ( 17 x 50,000) ചിന്തക്ക് ലഭിക്കും.

ചിന്തയുടെ ശമ്പളം 26. 5.18 മുതല്‍ 1 ലക്ഷം രൂപയായി സര്‍ക്കാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ശമ്പള കുടിശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22 ന് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ചെയര്‍ പേഴ്‌സണായി നിയമിതയായ 14.10.16 മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ആയതിനാല്‍ 14.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈ പറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 20.8.22 ല്‍ ചിന്ത ജെറോം കത്ത് മുഖേന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശിക കൂടി ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. താന്‍ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. എന്നാല്‍ ചിന്ത പറഞ്ഞത് കളവാണെന്ന് ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നത്. ചിന്ത ആവശ്യപ്പെട്ടു, സര്‍ക്കാര്‍ അനുവദിച്ചു എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.