"പുന്നപ്രയിൽ യുവാക്കൾ ചെയ്തത് നല്ല കാര്യം, പക്ഷെ ബൈക്ക് ആംബുലൻസിന് പകരമാകില്ല": മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് പുന്നപ്രയിൽ കോവിഡ് രോഗിയെ ബൈക്കിൽ ഇരുത്തി സന്നദ്ധപ്രവർത്തകരായ യുവാക്കൾ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുന്നപ്രയിലെ യുവതിയും യുവാവും ചെയ്തത് നല്ല കാര്യമാണ്. ആരോഗ്യനില മോശമായ കോവിഡ് രോഗിയെ രണ്ട് പേർ ചേർന്ന് ബൈക്കിൽ നടുക്ക് ഇരുത്തി വീണുപോകാതെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. എന്നാൽ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘടത്തിൽ യുവാക്കൾ അത് ഉപയോഗിച്ചുവെന്നേയുള്ളു.

അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്ടെന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹന സംവിധാനം അല്ലങ്കിൽ വാഹനങ്ങൾ കണ്ടെത്തണം. സിഎഫ്എൽടിസി ആണെങ്കിലും ഡൊമിസിലറി കേയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണമെന്നും പുന്നപ്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.