സ്‌കൂളില്‍ ഷൂ ധരിച്ചെത്തി; പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പ്ലസ് ടു -ക്കാരുടെ മർദ്ദനം

തൃശൂരില്‍ സ്‌കൂളില്‍ ഷൂ ധരിച്ച് എത്തിയതിന് പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയേഴ്‌സ് മർദ്ദിച്ചു. ചാവക്കാട് ഗവ.ഹൈസ്‌കൂളിലാണ് സംഭവം. ഗുരുവായൂര്‍ മാണിക്കത്തുപടി തൈക്കണ്ടിപറമ്പില്‍ ഫിറോസിന്റെ മകന്‍ ഫയാസിനെയാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ മർദ്ദിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ക്ലാസ് കഴിഞ്ഞ് ഫയാസ് മുതുവട്ടൂര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് പ്ലസ്ടു വിദ്യാർത്ഥികളുടെ ആക്രമണം. മുഖത്തും വാരിയെല്ലിനും പരിക്കേറ്റ ഫയാസിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച ഷൂ ധരിച്ചു കൊണ്ടാണ് ഫയാസ് സ്‌കൂളില്‍ ചെന്നത്. ഇതിന്റെ പേരില്‍ അന്ന് പ്ലസ്ടു വിദ്യാർത്ഥികളുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബസ് സ്‌റ്റോപ്പില്‍ വെച്ചുള്ള ആക്രമണം എന്നാണ് ഫയാസിന്റെ കുടുംബം പറയുന്നത്. ഡിസ്‌കിന് തകരാര്‍ സംഭവിച്ച് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നു ഫയാസ്. ഇപ്പോഴും ചികിത്സ തുടരുകയാണ്. ഇത് പോലും വകവെയ്ക്കാതെയായിരുന്നു മർദ്ദനം.

സംഭവത്തില്‍ ഫയാസിന്റെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. വിവരം പൊലീസില്‍ അറിയിച്ചതായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.ആര്‍. ഉണ്ണികൃഷ്ണനും പറഞ്ഞു. കുറ്റം ചെയ്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പി.ടി.എ. പ്രസിഡന്റ് പി.വി. ബദറുദ്ദീന്‍ പറഞ്ഞു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ കൂടി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റാഗിംഗ് പ്രകാരം കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ എന്ന് സി.ഐ പ്രേമാനന്ദകൃഷ്ണന്‍ അറിയിച്ചു.