പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാം; ജാമ്യം ആവശ്യപ്പെട്ട് മുൻ വൈദികൻ

പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്നും അതിനായി രണ്ടു മാസത്തെ താത്കാലിക ജാമ്യം അനുവദിക്കണമെന്നും കൊട്ടിയൂർ പീഡനക്കേസിൽ കഠിനതടവിന് ശിക്ഷിക്കപ്പെട്ട മുൻ വൈദികൻ റോബിൻ വടക്കുംചേരി. ​കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിച്ച തലശേരി പോക്സോ കോടതി വിധിയ്ക്കെതിരായ ഹർജി ​ഹൈക്കോടതിയിൽ നിലനിൽക്കെയാണ് റോബിൻ വടക്കുംചേരി പുതിയ അപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

സ്പെഷ്യൽ മാര്യേജ്‌ ആക്ട് പ്രകാരം പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് താത്കാലിക ജാമ്യം എന്നാണ് റോബിൻ അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ, മുൻ വൈദികന്റെ ഈ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. വിവാഹത്തിനുള്ള നടപടിക്രമങ്ങൾക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും ശിക്ഷാവിധിയ്ക്ക് എതിരായ അപ്പീൽ നിലവിലിരിക്കേ ഇത്തരമൊരു അപേക്ഷ സമർപ്പിച്ചതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.അംബികാദേവി വാദിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 20 വർഷത്തെ കഠിനതടവിനാണ് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരിയും എംഐംഎച്ച്എസ്എസ് ലോക്കൽ മാനേജരുമായ ഫാ. റോബിനെ ശിക്ഷിച്ചത്. പെൺകുട്ടിയെ കംപ്യൂട്ടർ റൂമിൽ വെച്ച് പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. റോബിൻ വടക്കുംചേരിയെ വൈദികവൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.