അബിഗേലിനായി വ്യാപക തെരച്ചില്‍; കസ്റ്റഡിയിലെടുത്ത 3 പേരെയും വിട്ടയച്ചേക്കും

ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യംചെയ്തശേഷം വിട്ടയച്ചേക്കുമെന്ന് സൂചന. മൂന്നുപേര്‍ക്കും കേസുമായി ബന്ധമില്ലെന്നാണ് വിവരം.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കുട്ടിക്കായി നാടൊന്നാകെ തിരച്ചില്‍ നടത്തുകയാണ്. സഹോദരനൊപ്പം ട്യൂഷനുപോയ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ട് 17 മണിക്കൂര്‍ പിന്നിട്ടു. രാത്രിയില്‍ വേളമാനൂരിലെ വീടുകളിലടക്കം പരിശോധന നടത്തി. വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍.

അപ്പൂപ്പന്‍പാറയിലെ ക്വാറിയിലും പരിശോധന നടത്തി. പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുന്നു. പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐ.ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. തിരച്ചില്‍ തുടരുന്നു, എല്ലാ വശങ്ങളും പരിശോധിക്കും. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ആദ്യം ലഭിച്ച വാഹനനമ്പര്‍ വ്യാജമാണെന്നും രണ്ടാമത്തെ നമ്പര്‍ പരിശോധിക്കുന്നെന്നും ഐജി വിശദീകരിച്ചു.