'എന്ത് തരം ഭാഷയാണിത്?'; വ്ലോഗർ സൂരജ് പാലാക്കാരനെതിരെ സുപ്രീംകോടതി

യുട്യൂബർ സൂരജ് പാലാക്കാരന് സുപ്രീംകോടതിയുടെ വിമർശനം. യൂട്യൂബിൽ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീംകോടതി വിമർശിച്ചു. എന്ത് തരം ഭാഷയാണിത് എന്ന് ജസ്റ്റിസ് മാരായ സൂര്യകാന്ത്, എൻകെ സിങ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒരു ഉത്തരവാദിത്വപെട്ട യൂട്യൂബർക്ക് ഉപയോഗിക്കാൻ പാടുള്ള ഭാഷയാണോ ഇതെന്നും സമൂഹത്തിൽ എന്തോ കുഴപ്പമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതേസമയം സൂരജ് പാലക്കാരന് എതിരെ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. കടയ്ക്കാവൂർ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലാണ് നടപടി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

പോക്‌സോ കേസിൽ ഇരയുടെ പേര് സൂരജ് വെളിപ്പെടുത്തുന്നതിന് മുമ്പ് സംസ്ഥാന പോലീസും ഒരു സ്വകാര്യ ചാനലും വെളിപ്പെടുത്തിയിരുന്നു എന്ന് സൂരജിന്റെ അഭിഭാഷകൻ അഡോൾഫ് മാത്യു വാദിച്ചു. തുടർന്നാണ് സുപ്രീംകോടതി ഹർജിയിൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.