ആർ.എസ്.എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്താണ് ഈ മാപ്പിളമാരുടെ അടയാളപ്പെടുത്തലുകൾക്ക് ലഭിക്കാനുള്ളത്; പി.കെ ഫിറോസ്

മലബാർ സമരപോരാളികളെ സ്വാതന്ത്രസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിന്നിൽനിന്ന് കുത്തി തകർക്കാൻ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള RSS ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്താണ് ഈ മാപ്പിളമാരുടെ അടയാളപ്പെടുത്തലുകൾക്ക് ലഭിക്കാനുള്ളതെന്ന് ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ ഒളിഞ്ഞു നിന്നുനോക്കിയ പാരമ്പര്യം പോലും ആർ.എസ്.എസിന് ഇല്ലെന്ന് പറയുന്നത് ഭാഗികമായി തെറ്റാണ്. സമര രംഗങ്ങൾ പലപ്പോഴായി അവർ മാറിനിന്നു പകർത്തിയത് ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുക്കാൻ വേണ്ടി മാത്രമാണ്. പിന്നീടത് മാറ്റി എഴുതിയതും, വിഭജനത്തിന്റെ വേദനിക്കുന്ന ഓർമ്മകൾ കഴിഞ്ഞ ദിവസം മുതൽ ആചരിക്കാൻ തുടങ്ങിയതും എല്ലാം, വസ്തുതകൾ മറച്ച്, വേദനയിൽ മുളകുതേച്ച് വർഗ്ഗീയ മുതലെടുപ്പുകൾ നടത്താൻ വേണ്ടി മാത്രമാണ്. ഇപ്പോഴിതാ ധീരരക്ത സാക്ഷികളായ വാരിയൻകുന്നനെയും ആലിമുസ്ല്യാരുമുൾപ്പടെയുള്ളവരെ തമസ്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുന്നു.

മാപ്പെഴുതി നൽകിയാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്ക് ബ്രിട്ടീഷ് അധികാരികൾ വെച്ചുനീട്ടി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് മക്ക നഗരത്തിൽ അവസാന നാളുകൾ ചെലവഴിക്കാനുള്ള അവസരമായിരുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്രമേൽ സന്തോഷദായകമായ ഭാഗ്യം. പക്ഷേ, അധിനിവേശ ശക്തിയോട് രാജിയാകാൻ തയ്യാറാവാത്ത പോരാട്ടമായിരുന്നു പ്രിയപ്പെട്ട ഹാജി തെരഞ്ഞെടുത്തത്.

ആലിമുസ്ലിയാർ താൻ ജോലി ചെയ്ത പള്ളിയും അവിടുത്തെ ജനങ്ങളെയും ഉപയോഗപ്പെടുത്തി അധിനിവേശ ശക്തികൾക്കെതിരെ ഒരു വൻമതിൽ തന്നെ തീർത്തു. മുസ്‌ലിയാരുടെ സാന്നിധ്യം എല്ലായ്പ്പോഴും ബ്രിട്ടീഷ് സേനക്ക് തലവേദന സൃഷ്ടിച്ചു.

ധൈര്യം നിറഞ്ഞ പുഞ്ചിരികൊണ്ട് ഇരുമ്പുതിരകൾ നിർവ്വീര്യമാക്കിക്കളയുകയും മരണപത്രം വായിക്കുന്നത് കേൾക്കുകയും ചെയ്ത ധീരദേശാഭിമാനികൾ ഉൾപ്പെടെ 387 സ്വാതന്ത്ര്യ സമര സേനാനികളായ മാപ്പിളമാരുടെ പേരുകൾ Indian Council of Historical Researchന്റെ ഡിക്ഷണറിയിൽ നിന്നെടുത്ത് കളഞ്ഞതുകൊണ്ട് അവരുടെ ആത്മാർഥ സംഭാവനകൾ മായ്ച്ചുകളയാമെന്നത് വ്യാമോഹം മാത്രമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിന്നിൽനിന്ന് കുത്തി തകർക്കാൻ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള RSS ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്താണ് ഈ മാപ്പിളമാരുടെ അടയാളപ്പെടുത്തലുകൾക്ക് ലഭിക്കാനുള്ളത്.!