മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; മാപ്പിരന്ന് സഭയിലേക്ക് ഇല്ലെന്ന് ബിനോയ് വിശ്വം

മാപ്പ് പറഞ്ഞ രാജ്യസഭയിലേക്ക് തിരികെ പ്രവേശിക്കാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം എം.പി. ഡൽഹിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് സിപിഐ നേതാവും രാജ്യസഭ അംഗവുമായ ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്.

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്ത്ത്. എന്നാൽ എം.പിമാർ ഖേദം പ്രകടിപ്പിക്കാത്തതിനാൽ സസ്പെൻഷൻ തുടരുമെന്നാണ് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞത്.

മുട്ടുകുത്തി മാപ്പപേക്ഷ മൂന്നെണ്ണം എഴുതിയ സവർക്കറുടെ പാരമ്പര്യം ഞങ്ങളുടേതല്ല. ആ പാരമ്പര്യമുള്ളവർക്കേ ഞങ്ങളോട് മാപ്പിരക്കാൻ പറയാൻ പറ്റു. അതുകൊണ്ട് ഇന്നത്തേക്കല്ല, എന്നത്തേക്കുമായി പറയുന്നു, ഞങ്ങളില്ല ആ പണിക്ക്. ഈ സഭയിൽ നിന്ന് പുറത്താക്കപ്പെട്ടാലും ശരി, മാപ്പപേക്ഷ എഴുതി സവർക്കറെ പോലെ അകത്ത് കയറാൻ ഞങ്ങൾ ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ നാളെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധര്‍ണ. സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഒന്നിലെ ബുള്ളറ്റിനില്‍ പ്രതിഷേധിച്ചവരുടെ പേരുകളുണ്ട്. അതില്‍ എളമരം കരീമിന്റെ പേരില്ല. പിന്നെ എങ്ങനെയാണ് നടപടിയെടുത്തതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.