"ആ 500ല്‍ ഞങ്ങളില്ല": സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് ഷാഫി പറമ്പിൽ

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് ധാർമ്മിക വിരുദ്ധമാണെന്നാണ് പൊതുവെ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായം. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് അറിയിച്ച് പാലക്കാട് മണ്ഡലത്തിന്റെ നിയുക്ത എം.എൽ.എ ഷാഫി പറമ്പിൽ രംഗത്ത്. “ആ 500ല്‍ ഞങ്ങളില്ല” എന്ന് ഷാഫി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

അതിനിടെ സി.പി.ഐ (എം) പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.

സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. 20 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.