കേരളത്തിലെ മൂന്ന് നദികളിൽ ജലനിരപ്പ് അപകടകരം; ജാ​ഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കെ മൂന്ന് നദികളിൽ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയിൽ കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്.

സംസ്ഥാനത്ത് തുടർച്ചയായ ശക്തമായ മഴ കുറയുന്നുണ്ടെങ്കിലും ഇടവേളകളിൽ ചുരുക്കമിടങ്ങളിൽ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കും. ഇന്നലെ സാധാരണയേക്കാൾ 307 ശതമാനം മഴയാണ് അധികം കിട്ടിയത്.17.9 മി.മീ മഴ കിട്ടേണ്ടത് ഇന്നലെ പെയ്തത് 72.8 മി.മീ മഴയാണ്.