ജലപീരങ്കി പ്രയോഗിച്ചത് പ്രതിഷേധക്കാര്‍ക്ക് നേരെ; വീഴ്ത്തിയത് ലോട്ടറി വില്‍പ്പനക്കാരിയെ

പ്രതിഷേധക്കാരെ നേരിടാനായി പൊലീസ് പ്രയോഗിച്ച് ജലപീരങ്കിയെ തുടര്‍ന്ന് ലോട്ടറിവില്‍പ്പനക്കാരിക്ക് പരിക്ക്. കോട്ടയത്താണ് സംഭവം. കോട്ടയം കളക്ടറേറ്റിന് എതിര്‍വശത്തായി ലോട്ടറി വില്‍ക്കുന്ന 58കാരിയായ കാരാപ്പുഴ ജയാ നിവാസില്‍ വള്ളിയമ്മാളിനാണ് പരിക്കേറ്റത്. ഇന്നലെ നടന്ന യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചിലേക്ക് പ്രയോഗിച്ച ജലപീരങ്കിയാണ് ലക്ഷ്യം തെറ്റി വള്ളിയമ്മാളിന്റെ ദേഹത്ത് വന്ന് വീണത്.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തി ബാരിക്കേഡില്‍ തട്ടിയപ്പോള്‍ത്തന്നെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രധാന കവാടത്തിന് എതിര്‍വശത്തു കുറച്ചു മാറിയാണ് ലോട്ടറിത്തട്ട് സ്ഥാപിച്ചിരുന്നത്. സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചാല്‍ ഇവിടേക്ക് വെള്ളമെത്തില്ല. എന്നാല്‍ ആദ്യ പ്രാവശ്യം വെള്ളം അടിച്ചപ്പോള്‍ ലോട്ടറിത്തട്ടിന്റെ ഭാഗത്തേക്കു വെള്ളം ശക്തമായി എത്തി. ഇതുവഴി പോയ വാഹനങ്ങളിലേക്കും വെള്ളം വീണിരുന്നു.

പൊലീസ് ബാരിക്കേഡിന് അടുത്ത് ഉന്തും തള്ളുമുണ്ടായപ്പോള്‍ ലോട്ടറികള്‍ മാറ്റി തട്ട് എടുത്തുവയ്ക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് വള്ളിയമ്മാളിന്റെ ദേഹത്തേക്ക് ശക്തമായി വെള്ളം വീണത്. തുടര്‍ന്ന് അവര്‍ വീഴുകയായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്തിയാണ് അവരെ എഴുന്നേല്‍പ്പിച്ചത്. അടുത്തു കിടന്ന വാഹനത്തില്‍ തല ഇടിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജലപീരങ്കിയെ തുടര്‍ന്ന് ലോട്ടറി ടിക്കറ്റുകളും പണവും ചിതറിത്തെറിച്ചു. നനയുകയും ചെയ്തു. അബദ്ധത്തിന് വള്ളിയമ്മാളിനോട് മാപ്പു പറഞ്ഞ പൊലീസ് അവരെ   ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവരുടെ മുഖത്തും തലയ്ക്കു പിന്നിലും കാലിനും പരിക്കുണ്ട്.