മന്ത്രിസഭ പുനഃസംഘടനയെ ചൊല്ലി എന്‍സിപിയില്‍ പോര് മുറുകുന്നു; മന്ത്രി സ്ഥാനത്തിനായി ഉറച്ച് നില്‍ക്കും; പിസി ചാക്കോയ്ക്ക് തന്നോട് വൈരാഗ്യമെന്ന് തോമസ് കെ തോമസ്

എല്‍ഡിഎഫ് മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ പോര് മുറുകുന്നു. മന്ത്രി എകെ ശശീന്ദ്രനും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയ്ക്കുമെതിരെ തോമസ് കെ തോമസ് എംഎല്‍എ രംഗത്ത്. പിസി ചാക്കോ എന്‍സിപിയിലെത്തിയത് ഔദാര്യത്തിലാണെന്നും താന്‍ പാര്‍ട്ടിയിലെത്തിയത് ആരുടെയും ഔദാര്യത്തിലല്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

പാര്‍ട്ടിയില്‍ എത്തിയ കാലം മുതല്‍ പിസി ചാക്കോയ്ക്ക് തന്നോട് വൈരാഗ്യമാണ്. പാര്‍ട്ടി മാറി വരുന്നവരെ വിശ്വസിക്കാന്‍ സാധിക്കില്ല. താന്‍ പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പാര്‍ട്ടി ധാരണ പ്രകാരം താന്‍ മന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.

Read more

പീതാംബരന്‍ മാഷുമായും മന്ത്രി എകെ ശശീന്ദ്രനുമായും മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. ഇക്കാര്യം പാര്‍ട്ടി ദേശീയ നേത്യത്വത്തിനും അറിവുള്ളതാണ്. കുട്ടനാട്ടില്‍ നിന്ന് ഒരു മന്ത്രി പാര്‍ട്ടിയ്ക്ക് ആവശ്യമാണ്. പാര്‍ട്ടിക്ക് ഒരു സംഭാവനയും നല്‍കാത്തവരാണ് ഇന്ന് പാര്‍ട്ടിയാണെന്ന് പറഞ്ഞുനടക്കുന്നതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തോമസ് കെ തോമസ് പ്രതികരിച്ചത്.