വഖഫ് നിയമനം: രണ്ടാം ഘട്ട സമരത്തിന് ഒരുങ്ങി മുസ്ലിം ലീഗ്

വഖഫ് നിയമന വിഷയത്തില്‍ രണ്ടാം ഘട്ട സമരത്തിന് ഒരുങ്ങി മുസ്ലിം ലീഗ്. ജനുവരി മൂന്നിന് ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കും. തുടര്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് അറിയിച്ചു.

സര്‍ക്കാരില്‍ നിന്ന് ഇതുവരെ വഖഫ് നിയമനം സംബന്ധിച്ച് അനുകൂല നടപടി ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ നിയമസഭയില്‍ തന്നെ ഇത് പിന്‍വലിക്കുന്നത് വരെ സമരം തുടരും. ഇക്കാര്യത്തില്‍ മുസ്ലിം സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ഇപ്പോഴും സമര രംഗത്ത് ഉണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റിയും സജീവമാണ്. അടുത്ത മാസം വര്‍ക്കിങ് കമ്മിറ്റി യോഗം ചേരും. മുന്നോട്ടുള്ള സമര പരിപാടികള്‍ അപ്പോള്‍ തീരുമാനിക്കും എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ മുസ്ലിം ലീഗ് പ്രതിഷേധം ശക്തമാക്കിയിരുന്നു. കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ വലിയ ജന പങ്കാളിത്തമായിരുന്നു ഉണ്ടായത്. മുസ്ലിം സമൂഹം ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.