'അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ ഫ്യൂസും ഊരിക്കൊണ്ടു പോകുകയും ചെയ്യുന്ന കാഴ്ചയാണ് കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളില്‍ കാണേണ്ടി വന്നത്' മന്ത്രി മണിക്ക് മറുപടിയുമായി വി. ടി ബല്‍റാം

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ ബി.ജെ.പിലേക്കു പോയതിനെ പരിഹസിച്ച മന്ത്രി എംഎം മണിയെ ട്രോളി വി.ടി. ബല്‍റാം എംഎല്‍എ. നേരത്തെ, പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം, കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നാണ് കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്കിനെ പരിഹസിച്ച് എം.എംമണി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍, ഇതിനു മറുപടിയുമായാണ് വി.ടി. ബല്‍റാം രംഗത്ത് എത്തിയത്. അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുകയും ചെയ്യുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയന്‍ മുതല്‍ കിഴക്കന്‍ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷന്‍ എടുക്കാന്‍ സിഡി അടയ്ക്കാന്‍ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.

അതുകൊണ്ട് അന്തം കമ്മികള്‍ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ തന്നെ കാണുമെന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. ഇന്നലെ ഉച്ചയോടെയാണ് വടക്കന്‍ ന്യൂഡല്‍ഹിയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.
ടോം വടക്കന്‍ പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.