തൃത്താലയില്‍ ഇറങ്ങി നടക്കാന്‍ പോലീസിന്റെ ആവശ്യമില്ലെന്ന് വി.ടി ബല്‍റാം; ‘സി.പി.ഐ.എമ്മിന്റെ വിഗ്രഹം ഉടയുന്നത് അവരുടെ വിധി’

തൃത്താലയില്‍ ഇറങ്ങി നടക്കാന്‍ പോലീസിന്റെ ആവശ്യമില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തനിക്ക് ജനപിന്തുണയുണ്ട് ആ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. വാക്കില്‍ തിരുത്താന്‍ പാര്‍ട്ടിയ്ക്ക് ഉത്തരവാദിത്തമുണ്ട്, അതില്‍ തനിക്ക് വിരോധമില്ല. സി.പിഐഎമ്മിന്റെ ഹുങ്ക് തന്റെ നേര്‍ക്ക് എടുക്കേണ്ടതില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു. തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം.

അഭിപ്രായം പറയുക എന്നത് ഭരണഘടന നല്‍കുന്ന അവകാശം. അത് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളുടെ കൊടിക്കൂറ ഉയര്‍ന്നു നില്‍ക്കും. സി.പി.ഐ.എമ്മിനെ വേറെ ആള്‍ക്കു വിമര്‍ശിച്ചു കൂട എന്ന ശൈലിക്കെതിരയുള്ള ഐക്യദാര്‍ഢ്യമാണ് ഇത്. കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് നിരന്തരം വ്യക്തിഹത്യ നടത്തുന്നത് നമ്മള്‍ക്കറിയാമെന്നും ബല്‍റാം പറഞ്ഞു.

വാക്കുകളില്‍ വന്ന പിശക് ആവര്‍ത്തിക്കേണ്ട എന്നത് തന്നെയാണ് തീരുമാനം. പക്ഷെ ആ തിരുത്ത് സി.പി.ഐ.എം പറയേണ്ട. എനിക്ക് എന്റെ ജനങ്ങളും പാര്‍ട്ടിയുമുണ്ട് എന്നെ ഉപദേശിക്കാന്‍. എന്റെ മരിച്ചുപോയ അമ്മയെ അടക്കം തെറിവിളിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ തെറിവിളിയില്‍ പേടിച്ച് തിരിഞ്ഞോടില്ല. എന്നെ തിരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ജനങ്ങളും പാര്‍ട്ടിയുമാണ്. ഇന്ന് ഇവിടെ വളരെ സമാധാനമായിട്ടുള്ള പ്രകടനമാണ്  നടക്കേണ്ടതെന്നും വി.ടി പറഞ്ഞു.

അമിതമായ വികാര പ്രകടനം ഉണ്ടാവരുത്. അവരുടെ വിഗ്രഹം അടര്‍ന്നുവീഴുന്നത് അവരുടെ വിധി. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പറയാനുള്ള പോരാട്ടം നടത്തും. ത്യാഗോജ്ജല പോരാട്ടം നടത്തിയ മുന്‍തലമുറയിലെ നേതാക്കളെ പറയുന്നവരോടുള്ള വികാരം ജനാധിപത്യപരമായേ പ്രതികരിക്കാവുള്ളുവെന്നും ബല്‍റാം പറഞ്ഞു.