സമുദായത്തെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട്; പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്ന് താമരശേരി രൂപത

ക്രൈസ്തവ സമുദായത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനവുമായി താമരശേരി രൂപതയുടെ വിശ്വാസ സംരക്ഷണ റാലി. സമുദായത്തെ സംരക്ഷിക്കുന്നവര്‍ക്കായിരിക്കും ഇനി വോട്ട് നല്‍കുകയെന്നും സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് കോടഞ്ചേരിയിലായിരുന്നു വിശ്വാസ സംരക്ഷണ റാലിയും സമ്മേളനവും നടന്നത്.

ക്രൈസ്തവ സമുദായം നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍, പാലാ ബിഷപിന്റെ പ്രസ്താവന, പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം, പി സി ജോര്‍ജിന്റെ അറസ്റ്റ്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളാണ് സമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടത്.

ക്രൈസ്തവ സമുദായത്തിന്റെ വിശ്വാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തിരിച്ചറിയണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും താമരശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

സമുദായത്തെ വെല്ലുവിളിക്കുന്നവരെ ഇനി മാന്യമായി നേരിടും. തങ്ങളെ വിഢികളാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കും. സമുദായത്തെ സംരക്ഷിക്കുന്നവര്‍ക്കാണ് ഇനി വോട്ട് നല്‍കുകയെന്നും സമ്മേളനത്തില്‍ അധ്യക്ഷനായ ഡോ ചാക്കോ കാളംപറമ്പില്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ പങ്കെടുത്തിരുന്നു.