വിഴിഞ്ഞം സമരപ്പന്തല്‍ ഇന്ന് രാത്രി പൊളിച്ചുനീക്കും; ശേഷം തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കും

വിഴിഞ്ഞം സമരപ്പന്തല്‍ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തല്‍ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിര്‍മ്മാണം പുനഃരാരംഭിക്കുക. പന്തല്‍ പൊളിച്ച് നീക്കിയതിന് ശേഷം നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ചൊവ്വാഴ്ച സമര സമിതി നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തിരുമാനമായത്. പൂര്‍ണ്ണമായും തൃപ്തിയില്ലങ്കിലും സമരം അവസാനിപ്പിക്കാന്‍ തങ്ങള്‍ വിട്ടുവീഴ്ച ചെയ്തതായി സമര സമിതി വ്യക്തമാക്കി.

കെ.രാജന്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, വി.അബ്ദു റഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരടങ്ങുന്ന മന്ത്രി സഭാ ഉപസമിതിയുമായുളള ചര്‍ച്ചക്ക് പിന്നാലെയാണ് സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും സമരം പിന്‍വലിക്കാന്‍ തിരുമാനമായതും. ഇതോടെ 140 ദിവസമായി നടന്നുവന്ന തുറമുഖ വിരുദ്ധ സമരത്തിന് പരിസമാപ്തിയായി.

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള വീട്ടു വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. നേരത്തെ 8000 രൂപ വേണമന്നായിരുന്നു സമരസമിതി ആവശ്യപ്പെട്ടിരുന്നത് അദാനി ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി.

തീരശോഷണത്തില്‍ സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കുമെന്നും സമര സമിതി അറിയിച്ചു.