മോഹന്‍ലാലിനെ കാണാന്‍ പോയി, മമ്മൂട്ടിയെ കണ്ടില്ല; തന്നെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി കണ്ണന്താനം

എറണാകുളത്തെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന നടന്‍ മമ്മൂട്ടിയുടെ പരാമര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കണ്ണന്താനം. മമ്മൂട്ടിയുടെ ആ പരാമര്‍ശം അപക്വമാണെന്നും മമ്മൂട്ടിയെ പോലെയുള്ള ഒരു മുതിര്‍ന്ന താരം ഇങ്ങിനെ പറയാന്‍ പാടില്ലായിരുന്നെന്നും എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

” പത്ത് നാല്‍പ്പത് വര്‍ഷമായി കേരളത്തിലെ ഹീറോ ആയിട്ടിരിക്കുന്ന ആളാണ് മമ്മൂട്ടി. അപ്പോള്‍ അദ്ദേഹത്തിനറിയാം ഇവിടെ മൂന്ന് സ്ഥാനാര്‍ത്ഥികളുണ്ടെന്ന്.  രണ്ട് സ്ഥാനാര്‍ത്ഥികളെ പിടിച്ചു നിര്‍ത്തി ഇവര്‍ രണ്ടുപേരും കൊള്ളാം എന്ന് അതിരാവിലെ വോട്ടിംഗ് ദിവസത്തില്‍ പറയുന്നതൊക്കെ…. അതൊന്നും ശരിയല്ല. അതുമൊരു സീനിയറായ നടന്‍. എനിക്ക് തോന്നുന്നു അദ്ദേഹത്തിന്റെ പ്രശ്നം, ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ല. ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോയി.. മനസിലായോ . മോഹന്‍ലാലിനെ കാണാന്‍ പോയ ആള്‍ എന്തുകൊണ്ട് എന്നെ കാണാന്‍ വന്നില്ല എന്നൊരു ചെറിയ ഹുങ്ക് കാണുമായിരിക്കും. അതുകൊണ്ടായിരിക്കും”- അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. കഴിഞ്ഞ ദിവസം വോട്ടെടുപ്പ് വേളയിലാണ് മമ്മൂട്ടി എറണാകുളം മണ്ഡലത്തിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മികവു പുലര്‍ത്തുന്നവരാണെന്നു പറഞ്ഞത്.

അതേസമയം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി. രാജീവനെയും യു ഡി എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെയും പരാമര്‍ശിച്ച മമ്മൂട്ടി തന്നെ ഒഴിവാക്കിയതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്.

ഹൈബിയും-രാജീവും എനിക്കു വേണ്ടപ്പെട്ടവരാണ്. പല സ്ഥാനാര്‍ത്ഥികളും പരസ്പരം മത്സരിക്കുമ്പോള്‍ ഒരുപോലെ ജയിച്ചു വരണമെന്ന് ആഗ്രഹിക്കും. പക്ഷെ എനിക്ക് ഒരു വോട്ടേയുള്ളൂ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.