അക്രമസംഭവങ്ങള്‍; ജില്ലാ അടിസ്ഥാനത്തില്‍ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

ആലപ്പുഴയില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപി അനില്‍കാന്ത് കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇരു വിഭാഗത്തിലും പെട്ട ക്രിമിനലുകളുടേയും മുമ്പ് കേസുകളില്‍ പെട്ടവരുടേയും പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.

വാറണ്ട് നിലവിലുള്ള പ്രതികളേയും ഒളിവില്‍ കഴിയുന്നവരേയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്നത് പരിശോധിക്കും. മറ്റ് കേസുകളിലും തുടര്‍ച്ചയായ പരിശോധനയും നടപടികളുമുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി. സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും.

അക്രമം നടത്തിയവര്‍ക്ക് പണം നല്‍കി സഹായിച്ചവരേയും, ഒളിപ്പിച്ചവരേയും കണ്ടെത്തി ഇവര്‍ക്കെതിരേയും കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം ലഭിക്കുന്ന കിട്ടുന്ന സ്രോതസ് കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടത്തി മേല്‍നടപടി സ്വീകരിക്കും.

വര്‍ഗീയവിദ്വേഷം പരത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് ഡിജിപി പറഞ്ഞു. ഇത്തരത്തിലുള്ള സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ചര്‍ച്ചകള്‍ക്ക് അനുവാദം നല്‍കുന്ന ഗ്രൂപ്പ് അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും.

സമൂഹ മാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെ ചുമതലപ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ച് ക്രമസമാധാന വിഭാഗം എഡിജിപിയും മേഖലാ ഐജിമാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.