കുഴൽപ്പണ പ്രതികളുമായി വിജയരാഘവന് ബന്ധം; ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതികൾ പങ്കെടുത്തു: ബി. ഗോപാലകൃഷ്ണൻ

കൊടകര കുഴൽപ്പണ കേസ് പ്രതികൾക്ക് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. വിജയരാഘവന്റെ ഭാര്യ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊടകര കേസിലെ പല പ്രതികളും പങ്കെടുത്തുവെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചു.

കൊടകര കേസിൽ പിടിച്ചെടുത്ത പണം ഹവാലപ്പണമാണെന്ന് ആദ്യം പറഞ്ഞത് സിപിഎം ആക്‌ടിംഗ് സെക്രട്ടറിയായ എ.വിജയരാഘവനാണ്. അങ്ങനെ പറഞ്ഞ വിജയരാഘവനെ പൊലീസ് ചോദ്യം ചെയ്യണം. ബിജെപിയുടെ പണമെങ്കിൽ പൊലീസ് തെളിവ് ഹാജരാക്കണമെന്നുംഗോപാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

പൊലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ല കമ്മ്യൂണിസ്‌റ്റ് പീനൽ കോഡാണെന്നും പിണറായിയുടെ പോക്കറ്റ് ബേബികളായി അന്വേഷണ സംഘം അധപതിച്ചെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത് കുഴൽപ്പണകേസാണോ അതോ പിണറായി കുഴലൂത്ത് കേസാണോയെന്നും ബി.ഗോപാലകൃഷ്‌ണൻ ചോദിച്ചു. മര്യാദകേട് ബി ജെ പി യോട് കാണിച്ചാൽ തിരിച്ചും മര്യാദകേട് പ്രതീക്ഷിച്ചാൽ മതി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും വിജയരാഘവനെതിരെയും ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.