പൊലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തരുടെ വാഹന പരിശോധന; ഒരു സന്നദ്ധ സംഘടനയ്ക്കും അത്തരം അനുമതി ഇല്ലെന്ന് മുഖ്യമന്ത്രി

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വാഹന പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

പൊലീസിനൊപ്പം നിന്ന് ലോക്ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചിലയിടങ്ങളില്‍ പോലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതായുള്ള പരാതി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം വാഹന പരിശോധന നടത്തുന്ന ദൃശ്യങ്ങൾ വിലയ വാർത്തായായിരുന്നു.

സംഘടനകള്‍ ധാരാളമുണ്ട്. സര്‍ക്കാര്‍ തന്നെ സന്നദ്ധ പ്രവര്‍ത്തകരുടെ സേന രൂപവത്കരിച്ചിട്ടുണ്ട്. അതിലെ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ ബന്ധമോ സന്നദ്ധ സംഘടനയുമായുള്ള ബന്ധമോ ഉണ്ടെങ്കില്‍ അതൊന്നും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാനാവില്ല. അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.