വീണാ ജോര്‍ജ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍; മലപ്പുറം, പത്തനംതിട്ട ജില്ലാ സെക്രട്ടറിമാര്‍ തുടരും

സിപിഎമ്മിന്റെ പത്തനംതിട്ട, മലപ്പുറം ജില്ലാ കമ്മിറ്റികളില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ കെ.പി ഉദയാഭാനുവും മലപ്പുറത്ത് ഇ.എന്‍ മോഹന്‍ദാസും ജില്ലാ സെക്രട്ടറിമാരായി തുടരും.

ഇ.എന്‍ മോഹന്‍ ദാസിനെ തന്നെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കാന്‍ മലപ്പുറം ജില്ലാസമ്മേളനത്തിലാണ് തീരുമാനിച്ചത്. മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ 38 അംഗങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എട്ട് പുതുമുഖങ്ങളാണ് കമ്മിറ്റിയില്‍ ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട സി. ദിവാകരനെയും, വി ശശികുമാറിനെയും ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തതിനെ തുടര്‍ന്ന് സി.എച്ച് ആഷിഖ്, ഐ.ടി നജീബ്,അസൈന്‍ കാരാട്ട് എന്നിവരെയും പ്രായാധിക്യത്തെ തുടര്‍ന്ന് ടി.കെ ഹംസ, പി.പി വാസുദേവന്‍, ടി.പി ജോര്‍ജ് എന്നിവരേയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പത്തനംതിട്ടയില്‍ ജില്ലാ കമ്മിറ്റിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫിലിപ്പോസ് തോമസ്, എസ്. മനോജ്, പി.ബി സുനില്‍കുമാര്‍, ലസിതാ നായര്‍ എന്നിവരെ കമ്മിറ്റിയില്‍ പുതിയതായി ഉള്‍പ്പെടുത്തി. 34 അംഗങ്ങളെയാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. നിലവില്‍ ഉണ്ടായിരുന്ന നാല് പേരെ ഒഴിവാക്കുകയും ചെയ്തു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി കെ ജി. നായര്‍, ജി അജയ്കുമാര്‍, അമൃതം ഗോകുലന്‍, പ്രകാശ് ബാബു എന്നിവരെയാണ് ഒഴിവാക്കിയത്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് കെ.പി ഉദയഭാനു സെക്രട്ടറിയാകുന്നത്. 1997ലാണ് ഉദയഭാനു ജില്ലാ കമ്മിറ്റിയിലെത്തിയത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ ഒമ്പതില്‍ നിന്നും പത്താക്കുകയും ചെയ്തു. പി.ആര്‍ പ്രസാദ്, നിര്‍മല ദേവി, എന്നിവരാണ് പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍. പത്തനംതിട്ടയിലെ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. കെ റെയിലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് മൂന്ന് ദിവസം നീണ്ട സമ്മേളനത്തില്‍ ഉയര്‍ന്നത്.