കരിങ്കൊടി പ്രതിഷേധത്തെ പ്രോത്സാഹിപ്പിച്ചാല്‍ സതീശന് വീട്ടില്‍ ഇരിക്കേണ്ടി വരും: മുന്നറിയിപ്പുമായി ഇ.പി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാന്‍ കഴിയില്ലെന്നും പ്രതിഷേധത്തെ പ്രോല്‍സാഹിപ്പിച്ചാല്‍ വി.ഡി സതീശന് വീട്ടില്‍ ഇരിക്കേണ്ടിവരുമെന്നും ഇ.പി ജയരാജന്‍ താക്കീത് ചെയ്തു.

‘കരിങ്കൊടി സംഘക്കാരെ പ്രോത്സാഹിപ്പിച്ച് അക്രമത്തിനു പോവുകയാണെങ്കില്‍ സ്ഥിതി മോശമാകും. തനിക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവും ആലോചിക്കുന്നത് നല്ലതാണ്’ ഇ.പി ജയരാജന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലേക്കുള്ള യാത്രാമധ്യേ നെയ്യാറ്റിന്‍കരയിലും പാറശാലയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഋഷി എസ്. കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

Read more

മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മുന്നോടിയായി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് ഭാരവാഹികളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. പാറശാലയിലും ഉദയന്‍കുളങ്ങരയിലും കറുപ്പ് വസ്ത്രം ധരിച്ചെത്തിയ കോണ്‍ഗ്രസുകാരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു.