കർഷകരോട് മോദി സർക്കാരിനോ സംഘപരിവാറിനോ ആത്മാർത്ഥത ഉണ്ടെന്ന് കരുതുക വയ്യ: വി.ഡി സതീശന്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന കേന്ദസര്‍ക്കാര്‍ പ്രഖ്യാപനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അംഗബലത്തിന്റെ ശക്തിയില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരെയാണ് ഒരു വര്‍ഷമായി പൊരുതുന്ന കര്‍ഷകര്‍ പരാജയപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് വി.ഡി സതീശന്‍ ഫെസ്ബുക്കില്‍ കുറിച്ചു. സമരത്തിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിന്നുവെന്നും വിട്ടുവീഴ്ചയില്ലാത്ത പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ ചെറുത്തു നില്‍പ്പിനു മുന്നില്‍ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്ന് രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ തിരിച്ചറിഞ്ഞതിനപ്പുറം കര്‍ഷകരോടോ രാജ്യത്തോടോ മോദി സര്‍ക്കാരിനോ സംഘപരിവാറിനോ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെന്ന് കരുതുക വയ്യ.’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘തണുപ്പും വെയിലും മഴയും സഹിച്ച്, ക്രൂരമായ ആക്രമണങ്ങളെ നേരിട്ട് അനേകായിരങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ച ഈ മാസങ്ങളെ എങ്ങനെ മറക്കാനാകും. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു. മണ്ണില്‍ കാലുറച്ചു നില്‍ക്കുന്നവരുടെ ബോധ്യങ്ങളുടെ ഉറപ്പ് എത്ര വലുതാണെന്ന് അവര്‍ പഠിപ്പിച്ചു.’

‘പാടത്തും പണിശാലയിലും കലാലയത്തിലും തെരുവിലും മനുഷ്യപക്ഷമായ രാഷ്ട്രീയം ഉജ്ജ്വലമായി തിരികെയെത്തും. അവരുടെ ഇന്‍ക്വിലാബുകളില്‍, ജയ് കിസാന്‍ വിളികളില്‍ രാജ്യത്തിന്റെ അന്തരംഗം മിടിച്ചുണരും. ചെറുത്തു നില്‍പ്പുകള്‍ എത്ര ആശാവഹമാണ്, സമര പോരാട്ടങ്ങള്‍ എത്ര ജീവദായകമാണ് , രക്തസാക്ഷിത്വങ്ങള്‍ എത്ര ഉജ്ജ്വല പ്രകാശമാണെന്ന് ഇന്ത്യയിലെ കര്‍ഷകര്‍ തെളിയിച്ചിരിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക പോരാളികള്‍ക്ക് പ്രതിപക്ഷ നേതാവ് അഭിവാദ്യങ്ങള്‍ അറിയിച്ചു.