'അസംബന്ധ ചോദ്യങ്ങള്‍ വേണ്ട, പിടിച്ച് പുറത്താക്കും'; വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് വി.ഡി സതീശന്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയില്‍ മാധ്യ മപ്രവര്‍ത്തകനോട് രോഷാകുലനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ട് തകര്‍ത്തതുമായി ബന്ധപ്പെട്ട ചോദ്യമാണ് സതീശനെ പ്രകോപിപ്പിച്ചത്.

ഗാന്ധിയുടെ ചിത്രം പോലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു കളഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ട ഗാന്ധി ചിത്രം രാഹുലിന്റെ ഓഫീസിന്റെ ചുമരില്‍ തന്നെ ഉണ്ടായിരുന്നതാണോയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഈ ചോദ്യത്തെ തുടര്‍ന്ന് അസംബന്ധ ചോദ്യങ്ങള്‍ ഇവിടെ വേണ്ടെന്നും പിടിച്ചുപുറത്താക്കുമെന്നും അദ്ദേഹം താക്കീത് നല്‍കുകയായിരുന്നു. ഗാന്ധിജിയുടെ ഫോട്ടോ എസ് എഫ് ഐക്കാരല്ല മറിച്ച് കോണ്‍ഗ്രസുകാര്‍ തന്നെയാണ് തകര്‍ത്തതെന്ന് സോഷ്യല്‍ മീഡിയകളിലുണ്ടല്ലോയെന്നും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു.

കൈരളിയുടെ ആണെങ്കിലും ദേശാഭിമാനിയുടെ ആണെങ്കിലും ഇതുപോലത്തെ സാധനങ്ങള്‍ കയ്യില്‍വെച്ചാ മതി, ഇത്തരം ചോദ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി, തന്റെ പത്ര സമ്മേളനം തടസ്സപ്പെടുത്താന്‍ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകനായി ഇവിടെ ഇരിക്കുകയാണ്. താന്‍ മര്യാദ കാണിക്കുന്നതുകൊണ്ടാണ് നിങ്ങളിവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കി വിടും. അത് ചെയ്യിക്കരുത്. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോളണം, അത്ര വൈകാരികമായ ഒരു വിഷയമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബഹളം കേട്ട് ഓടിയെത്തിയ പൊലീസുകാര്‍ക്ക് നേരെയും കോണ്‍ഗ്രസ് നേതാക്കള്‍ രോഷപ്രകടനം നടത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്ന പൊലീസ് ഇവിടെയും സുരക്ഷ നല്‍കേണ്ടെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഡിസിസി ഓഫീസിന് സംരക്ഷണം പൊലീസിന്റെ സംക്ഷണം വേണ്ടെന്നും പോയി ക്രിമിനലുകള്‍ക്ക് സുരക്ഷ നല്‍കുവെന്നും ടി സിദ്ദിഖ് പറഞ്ഞു. ഇന്നെല ക്രിമിനലുകളെയാണ് പൊലീസ് സംരക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമുള്ളപ്പോള്‍ സംരക്ഷണം ലഭിച്ചില്ലെന്ന് ഐസി ബാലകൃഷ്ണനും പറഞ്ഞു.