വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

വട്ടിയൂര്‍ക്കാവിലെ സിപിഎം-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തില്‍ നടപടി. സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കമ്മീഷന്‍ പ്രശ്‌നം അന്വേഷിക്കാനും തീരുമാനമായി.

ഡി.വൈ.എഫ്.ഐ. നേതാക്കള്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയും ഓഫീസിലുണ്ടായിരുന്ന രണ്ടു പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു. സി.പി.എം. നെട്ടയം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് അടിച്ചുതകര്‍ത്തത്.

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സോഷ്യല്‍മീഡിയയിലെ പോസ്റ്റിനെച്ചൊല്ലിയുണ്ടായ പോര്‍വിളിയാണ് നേരിട്ടുള്ള ഓഫീസ് ആക്രമണത്തിലേക്ക് എത്തിയത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എം. റിബലായി മത്സരിച്ചയാള്‍ പുതുതായി തുടങ്ങിയ സ്ഥാപനത്തെക്കുറിച്ചുള്ള വീഡിയോ കൊടുങ്ങാനൂരിലെ സി.പി.എം. പ്രവര്‍ത്തകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. വീഡിയോയെ അനുകൂലിച്ചും എതിര്‍ത്തുമുള്ള സി.പി.എം. പ്രവര്‍ത്തകരുടെ തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയത്.