വത്സൻ തില്ലങ്കേരിയുടെ പ്രസം​ഗം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു; ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരണം നടത്തിയതിന് കണ്ണൂർ ജില്ലയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം മുഹമ്മദ് റിഫക്ക് ഉൾപ്പടെ അഞ്ച് പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തത്.

പി.എം മുഹമ്മദ് റിഫക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത് വിദ്വേഷ പ്രചാരണത്തിനു ശ്രമിച്ചു എന്നതിന്റെ പേരിലാണ് കേസെന്ന് പൊലീസ് അറിയിച്ചു. എസ്.ഡി.പി.ഐ നേതാവ്​ ഷാനിനെ ആർ.എസ്​.എസുകാർ കൊലപ്പെടുത്തുന്നതിന്​ മുൻപ്​ ആലപ്പുഴയിൽ വത്സൻ തില്ലങ്കേരി നടത്തിയ പ്രസംഗമാണ്​ റിഫ ഫെയ്സ്ബുക്കിൽ പോസ്​റ്റ് ചെയ്​തത്​. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മാലൂർ വെമ്പടി തട്ടിലാണ് ഇയാൾ താമസമെങ്കിലും നീർവേലിയിലെ തറവാട്ട് വീടാണ്​ ഫെയ്സ്ബുക്കിലെ വിലാസം എന്നതിനാലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം വളർത്തുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും ജില്ലയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 40 അംഗ പ്രത്യേക സേന പ്രവർത്തനം തുടങ്ങി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നോഡൽ ഓഫിസർ ആയ സോഷ്യൽ മീഡിയ സെല്ലിൽ സൈബർ പൊലീസും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും രഹസ്യാന്വേണഷ വിഭാഗം ഇൻസ്പെക്ടർമാരും സിവിൽ പൊലീസ് ഓഫിസർമാരും അടക്കം 40 പേരാണുള്ളത്.

മത സംഘടനകളിലെയും രാഷ്ട്രീയ പാർട്ടികളിലെയും സൈബർ പോരാളികളാണ് നിരീക്ഷണത്തിലുള്ളത്. വർഗീയ വിദ്വേഷം അടങ്ങുന്ന പോസ്റ്റ് ഉണ്ടാക്കുന്നവർ, അതു ഷെയർ ചെയ്യുന്നവർ, ലൈക്കും കമന്റും ചെയ്തവർ എന്നിവരെയാണു നിരീക്ഷിക്കുന്നത്. മതവിദ്വേഷവം വളർത്തുന്നതാണ് പോസ്റ്റെന്നു കണ്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.