വൈഗ കൊലക്കേസ്; കുറ്റക്കാരനെന്ന് തെളിഞ്ഞു, കുട്ടിയുടെ പിതാവ് സനു മോഹന് ജീവപര്യന്തം

കൊച്ചിയില്‍ മദ്യം നല്‍കിയ ശേഷം പത്ത് വയസുകാരി വൈഗയെ കൊന്ന് പുഴയിലെറിഞ്ഞ കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. വിവിധ വകുപ്പുകളിലായി 28 വർഷം തടവ്. 1,70,000 രൂപ പിഴയും കോടതി വിധിച്ചു.

70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.സനു മോഹൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സനുമോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയില്‍ തെളിഞ്ഞു. കുട്ടികള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പരിഗമിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് കേസില്‍ സനുമോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2021 മാര്‍ച്ച് 21ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

പത്ത് വയസ് പ്രായമുള്ള കുട്ടിയെയും കൂട്ടി കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് സനുമോഹന്‍ യാത്ര ആരംഭിച്ചത്. വൈഗയുമായി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് പ്രതി ആദ്യമെത്തിയത്. ഇവിടെ വച്ച് കുഞ്ഞിന് കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി നല്‍കി. മദ്യലഹരിയിലായ കുഞ്ഞിനെ ഫ്‌ലാറ്റില്‍ വച്ച് മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു.

അബോധാവസ്ഥയിലായ കുട്ടിയെ രാത്രി 10.30ഓടെ മുട്ടാര്‍ പുഴയിലെറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായാണ് പ്രതി രക്ഷപ്പെട്ടത്. ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്. കേസിന്റെ വിചാരണ ഒരു വര്‍ഷത്തോളം നീണ്ടു.

ആഢംബര് ജീവിതം കാരണം ഉണ്ടായ കടബാധ്യതയെ തുടര്‍ന്ന് നാടുവിടാന്‍ തീരുമാനിച്ച പ്രതി മകള്‍ മറ്റുള്ളവരാല്‍ അവഗണിക്കപ്പെടുമെന്ന വിഷമത്തില്‍ കൊല നടത്തിയതായാണ് കൃത്യത്തിന് കാരണമായി പറയുന്നത്. കേസില്‍ 78 സാക്ഷികളെ വിസ്തരിച്ചു.