വടക്കഞ്ചേരി അപകടം: ഡ്രൈവര്‍ ജോമോന് എതിരെ നരഹത്യയ്ക്ക് കേസെടുത്തു, രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തില്‍ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെ  നരഹത്യയ്ക്ക് കേസെടുത്തു. പുലര്‍ച്ചെ മൂന്നരയോടെ കൊല്ലം ചവറയില്‍ വച്ചാണ് ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവസമയത്ത് മദ്യപിച്ചിരുന്നോ എന്നറിയാന്‍ ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിസ്സാരപരിക്കേറ്റ് ചികിത്സതേടി ആശുപത്രിയില്‍ നിന്ന് മുങ്ങിയ ജോമോനെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ചവറ പോലീസ് കാര്‍ തടഞ്ഞ് പിടികൂടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ഇയാളെ വടക്കഞ്ചേരി പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് പിടികൂടിയത്.

മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തത്. 304 (എ) വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. നിലവില്‍ ആലത്തൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ജോമോനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ അപകടസ്ഥലത്തെത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഒപ്പമുണ്ടായിരുന്ന കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോമോന്റെ പേരില്‍ 2018-ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ടായിരുന്നു.