'കേരളത്തിന്റെ കൈവശം 1400 കോടി രൂപയുണ്ട്, സാമ്പത്തിക ബുദ്ധിമുട്ടില്ല': കേന്ദ്ര മന്ത്രി വി. മുരളീധരന്‍

പ്രളയ സഹായത്തിന് കേരളത്തിന്റെ കൈവശം 1400 കോടി രൂപയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കഴിഞ്ഞ പ്രളയ സമയത്ത് കേന്ദ്രം 2047 കോടി രൂപയുടെ സഹായം സംസ്ഥാനത്തിന് നല്‍കിയിരുന്നു.

ഇതില്‍ ചിലവഴിക്കാത്ത 1400 കോടി രൂപ സര്‍ക്കാറിന്റെ കൈവശമുണ്ട്. സംസ്ഥാനം കൂടുതല്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും കഴിഞ്ഞ തവണ അനുവദിച്ച തുകയുടെ മിച്ചം സര്‍ക്കാരിന്റെ കയ്യിലുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രശ്‌നം കേരളത്തിന് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്നും മുരളീധരന്‍ അറിയിച്ചു. സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.