ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; പാമ്പിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു

ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പെന്ന് റിപ്പോർട്ട്. കടിച്ചെന്ന് പറയപ്പെടുന്ന പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തതിനെ തുടർന്നാണ് ഡോക്ടർമാർ ഇത് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. പോസ്റ്റ്മോർട്ടത്തിൽ പാമ്പിന്റെ വിഷപല്ല് ഉൾപ്പടെയുള്ളവ പരിശോധിച്ചു. പാമ്പിന്റെ മാംസം ജീർണിച്ച അവസ്ഥയിൽ ആയിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞതായാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്‍റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിൽ ആദ്യമായി, കൊലപാതകം തെളിയിക്കാൻ പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ഉത്രയെ കടിച്ച മൂര്‍ഖനെ അടിച്ചുകൊന്ന് കുഴിച്ചു മൂടിയിരുന്നു . ഇതിനെയാണ് ഇപ്പോള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത് . ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചു. പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.

ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.  പാമ്പിന്‍റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടത്തില്‍ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.അതേസമയം,പാമ്പിനെ കൊണ്ട് മുറിയില്‍ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും.