'ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസെടുത്തത്, കേസെടുക്കാൻ രാഹുൽ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചു'; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ തനിക്കെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരുമെന്നും അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ് എടുത്ത് പേടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

‘അങ്ങനെ ഇൻഡി സഖ്യ പങ്കാളികളായ രാഹുൽ ഗാന്ധിയും പിണറായി വിജയനും ചേർന്ന് എനിക്കെതിരെ ഒരു ‘കേസ്’ ഫയൽ ചെയ്തിരിക്കുന്നു. പതിറ്റാണ്ടുകളായി ജമ്മു-കശ്മീർ, പഞ്ചാബ് മുതൽ കേരളം വരെ തീവ്രവാദത്തിന് കാരണമാവുകയും നിരവധി നിരപരാധികളുടെയും സുരക്ഷാ സേനയുടെയും ജീവൻ നഷ്‌ടപ്പെടുത്തുകയും ചെയ്‌ത എസ്‌ഡിപിഐ, പിഎഫ്‌ഐ, ഹമാസ് തുടങ്ങിയ വിഷലിപ്തമായ തീവ്രവാദ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് പ്രീണനക്കാർ, അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് എനിക്കെതിരേ കേസ് എടുത്തിരിക്കുന്നത്’- കേന്ദ്രമന്ത്രി കുറിച്ചു.

അതേസമയം സംസ്ഥാനത്ത് വളർന്നുവരുന്ന മതമൌലിക വാദത്തേക്കുറിച്ച് തുറന്ന് പറഞ്ഞതിനാണ് തനിക്കും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുമെതിരായ കേസെന്നും ഇന്ത്യ സഖ്യത്തിലെ പങ്കാളികൾ വളരുന്ന തീവ്രവാദ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ മത്സരിക്കുകയാണെന്നും അനിൽ ആന്റണി പ്രതികരിച്ചു.

Read more

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രിക്കെതിരെ എടുത്ത കേസിൽ പ്രതികരണവുമായി രംഗത്തെത്തി. പിണറായി വിജയൻ സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കേസ് എടുത്തത് തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയൻറെ ഇരട്ടത്താപ്പും, ഇരട്ട നീതിയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്, വർഗീയ ചിന്താഗതിക്കാരെ സഹായിക്കാനുള്ള സർക്കാർ നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.