തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് പറഞ്ഞ ബിനോയ് വിശ്വം തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്നും കൂട്ടിച്ചേർത്തു. ശക്തമായി തിരിച്ചു വരുമെന്നും ആത്മാർത്ഥമായി പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ശബരിമല ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നാണ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറ‍ഞ്ഞത്. അതേസമയം ക്ഷേമപെൻഷനിലെ എം എം മണിയുടെ അധിക്ഷേപ പരാമർശം ബിനോയ് വിശ്വം തള്ളി. കമ്മ്യൂണിസ്റ്റുകാർ നിലപാട് പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ ശൈലി പ്രധാനപ്പെട്ടതാണെന്നും അതിനകത്ത് എല്ലാമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ജനങ്ങൾ ക്ഷേമപെൻഷൻ വാങ്ങി അത് ശാപ്പാടടിച്ചശേഷം വോട്ട് ചെയ്തില്ലെന്ന രീതിയിലായിരുന്നു എംഎം മണി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. ‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മകിട്ട് വെച്ചു’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ഇതിനെതിരേ വ്യാപക വിമർശനമുയർന്നതോടെ ഞായറാഴ്‌ച രാവിലെ അദ്ദേഹംതന്നെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണെന്ന് പറഞ്ഞ എംഎം മണി പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

Read more