അധോലോക കഥകള്‍ ചെങ്കൊടിയ്ക്ക് ചേര്‍ന്നതല്ല; എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടേ മതിയാകൂവെന്ന് ബിനോയ് വിശ്വം

സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ച് സിപിഐ. സ്വര്‍ണം പൊട്ടിക്കുന്ന കഥകളും അധോലോക കഥകളും ചെങ്കൊടിയ്ക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് കൂടുതല്‍ ശക്തിപ്പെട്ടേ മതിയാകൂവെന്നും തുടര്‍ഭരണം ജനങ്ങള്‍ നല്‍കിയതാണെന്നും അവരുടെ പ്രതീക്ഷ കൈവിടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

താന്‍ കഴിഞ്ഞ ദിവസം സംസാരിച്ചത് എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്. ഇടതുപക്ഷം ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് വളരാന്‍ ആവശ്യമായ തിരുത്തല്‍ വേണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ താന്‍ കഴിഞ്ഞ ദിവസം പറഞ്ഞെന്നും ബനോയ് വിശ്വം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കി കുമിളിയില്‍ എഐവൈഎഫ് സംഘടിപ്പിച്ച സംസ്ഥാന ശില്പശാലയിലും സിപിഎമ്മിനെതിരെയും മുഖ്യമന്ത്രിയ്‌ക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ പെരുമാറ്റം ഉള്‍പ്പെടെ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി അടിച്ചമര്‍ത്തലിന് ശ്രമിക്കുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം.

Read more

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലും മുഖ്യമന്ത്രിയ്‌ക്കെതിരെയും പാര്‍ട്ടി സെക്രട്ടറിയ്ക്കുമെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയും യുവജന സംഘടനയായ എഐവൈഎഫും പരസ്യ നിലപാടുമായി രംഗത്തെത്തിയത്.