ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തിൽ തിരിച്ചടിയായത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വി എൻ വാസവൻ രണ്ടു ദിവസം മുൻപ് സമീപിച്ചെങ്കിലും മന്ത്രി വി എൻ വാസവന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖാ മൂലം ഇക്കാര്യം മന്ത്രിയെ അറിയിച്ചു. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ യോഗം ചേരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. അതേസമയം ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രിക്കുന്നതിൽ ഉണ്ടായിട്ടുള്ള വീഴ്ച പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചു.
അതേസമയം ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.







