വൈദ്യുതി നിരക്ക് വർദ്ധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും നിരക്ക് വർദ്ധിപ്പിച്ചാലും പകൽ സമയങ്ങളിൽ ഇളവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ഇടങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം കുറഞ്ഞ വിലക്ക് ലഭിക്കുന്ന വൈദ്യുതി അതേ നിരക്കിൽ ജനങ്ങൾക്ക് നൽകും. ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റാണെന്നും കൂടുതൽ ഉപയോഗിക്കുന്നവർക്കേ നിരക്ക് വർധിക്കുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദ്ദേശവും കെ.എസ് ഇ.ബി മുന്നോട്ടുവച്ചിട്ടുണ്ട്.