യു.ഡി.എഫ് ഗതികിട്ടാപ്രേതങ്ങള്‍, സഭയിലേക്ക് നടന്നത് മോണിംഗ് വാക്ക്: പരിഹസിച്ച് ഇ.പി ജയരാജന്‍

യുഡിഎഫ് ഗതികിട്ടാത്ത പ്രേതങ്ങളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. നിയമ സഭയിലേക്ക് നടന്നുവന്നത് മോണിങ് വാക്കാണ്. നികുതി പിരിക്കാതെ സര്‍ക്കാരിന് ഭരിക്കാനാവില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഇന്ധന സെസ് അടക്കം ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി-സെസ് വര്‍ദ്ധനക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ കാല്‍നടയായാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്കെത്തിയത്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് സര്‍ക്കാരിനെന്ന് വിഡി സതീശന്‍ പറഞ്ഞു.

 പ്രതിരോധിക്കാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളെ മറന്നാണ് അവരുടെ പ്രതിഷേധം. പ്രതിപക്ഷം സമരം ചെയ്തതിന്റെ പേരില്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടാണ് അവര്‍ക്ക്.ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് പറയുന്നത് സമരം ചെയ്തത് കൊണ്ട് നികുതിയിളവ് തരുന്നില്ലെന്ന്. പണ്ട് ഇതേ പോലെ നികുതി വര്‍ധന വന്നപ്പോള്‍ നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പറഞ്ഞയാളാണ് പിണറായി വിജയനെന്നും സതീശന്‍ പറഞ്ഞു.

Read more

സഭാ സമ്മേളനം ഇടക്കാല അവധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സഭയ്ക്ക് പുറത്തെ പ്രതിഷേധം ഏതു രീതിയില്‍ വേണമെന്ന കാര്യം നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.