സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേർ ഗൾഫിൽ നിന്നും മടങ്ങിയെത്തിയവർ

അബുദാബിയിൽ നിന്നും ദുബായിൽ നിന്നും പ്രത്യേക എയർ ഇന്ത്യ വിമാനങ്ങൾ വഴി വ്യാഴാഴ്ച കേരളത്തിൽ വന്ന 363 പേരിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം തന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗബാധിതരിൽ ഒരാൾ കോഴിക്കോട് ചികിത്സയിലാണ്, രണ്ടാമൻ കൊച്ചിയിൽ ചികിത്സയിലാണ്. കോവിഡ് -19 വൈറസിനെ പിടിച്ചു നിർത്തുന്ന കാര്യത്തിൽ സംസ്ഥാനം ഇതുവരെ വിജയിച്ചിട്ടുണ്ടെങ്കിലും പ്രവാസികളുടെ മടങ്ങിവരവിനോടനുബന്ധിച്ചുള്ള മൂന്നാം തരംഗ വൈറസ് ബാധയ്ക്ക് കേരളം സ്വയം തയ്യാറാകേണ്ടതുണ്ടെന്ന് വെള്ളിയാഴ്ച പിണറായി വിജയൻ പറഞ്ഞിരുന്നു.

ഗൾഫ് മേഖലയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് പുറമേ 698 പ്രവാസികളെ മാലിദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ത്യൻ നാവികസേന യുദ്ധക്കപ്പൽ ഐ‌എൻ‌എസ് ജലാശ്വ വഴി കൊണ്ടുവരും.

ആയിരക്കണക്കിന് പ്രവാസികളെ തിരികയെത്തിക്കുന്നതിനായി മെയ് 7 നും മെയ് 13 നും ഇടയിൽ എയർ ഇന്ത്യ 64 പെയ്ഡ് ഫ്ലൈറ്റുകൾ സർവീസ് നടത്തും, ഇന്ത്യൻ നാവികസേന സമാനമായ രീതിയിൽ പ്രവാസികളെ കൊണ്ടുവരും.

തിരികെ കൊണ്ടുവരുന്ന എല്ലാവരേയും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് കോവിഡ് പരിശോധന നടത്തിയിരിക്കണമെന്നും ഇന്ത്യയിലെത്തുമ്പോൾ താപ പരിശോധന ഉൾപ്പെടെയുള്ള മൾട്ടി ലെവൽ സ്ക്രീനിംഗുകളിലൂടെ കടന്നുപോകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് .

കേരളത്തിൽ എത്തുന്നവർ ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റീന് വിധേയരാകുകയും ശേഷം ഏഴു ദിവസം വീട്ടിൽ ക്വാറന്റീന് വിധേയരാകുന്നതിന് മുമ്പ് കൂടുതൽ കൃത്യമായ പരിശോധനയായ ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് നടത്തുകയും അത് നെഗറ്റീവ് ആയിരിക്കുകയും വേണം.

ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വീട്ടിൽ 14 ദിവസത്തെ ക്വാറന്റീന് വിധേയരായാൽ മതിയെന്ന ഇളവ് നൽകിയിട്ടുണ്ട്.